Thursday 13 August 2015

ONAM

     മലയാളിയുടെ മനസ്സില്‍ സ്‌നേഹത്തിന്റെ പച്ചപ്പും, സാഹോദര്യത്തിന്റെ നറുമണവും നിറയ്‌ക്കുന്ന തിരുവോണനാള്‍ വന്നെത്തി. അത്തം ഒന്നിന്‌ തുടങ്ങിയ ഒരുക്കങ്ങളും കാത്തിരിപ്പും സഫലമാകുന്ന സുദിനം. തിരുവോണദിനത്തില്‍ മഹാബലി തമ്പുരാന്‍ തന്റെ പ്രജകളെ കാണാന്‍ വന്നെത്തും എന്നാണ്‌ വിശ്വാസം. അതുകൊണ്ട്‌ തന്നെ പ്രജകളെല്ലാം മാവേലിയെ വരവേല്‍ക്കാന്‍ മനോഹരമായ പൂക്കളങ്ങളൊരുക്കിയും, സദ്യവട്ടങ്ങള്‍ തയ്യാറാക്കിയും കാത്തിരിക്കണം എന്നാണ്‌. ഓരോ മലയാളിയ്‌ക്കും ഓണനാളുകള്‍, പ്രത്യേകിച്ചും തിരുവോണദിനം കാത്തിരിപ്പുകളുടെ സാഫല്യത്തിന്റെ ദിനമാണ്‌. ഏറെ നാളായി ദൂരദേശങ്ങളില്‍ വസിക്കുന്ന ബന്ധു മിത്രാദികള്‍ നാട്ടിലേക്ക്‌ ഓടിയെത്തി, പഴയ ഓര്‍മ്മകളും, സ്‌നേഹബന്ധങ്ങളും പുതുക്കുന്ന സുന്ദര ദിനം. പലദേശങ്ങളില്‍ ജോലി ചെയ്യുന്ന മക്കള്‍ വേര്‍പാടിന്റെയും ഒറ്റപ്പെടലിന്റെ വേദന പേറി ജീവി്‌കുന്ന അച്ഛനമ്മമാരെ സന്ദര്‍ശിച്ച്‌ അവര്‍ക്കൊപ്പമിരുന്ന്‌ പൂക്കളം തീര്‍ത്തും, സദ്യയുണ്ടും അടുത്ത ഓണനാളുകള്‍ വരുന്നത്‌ വരെ ഓര്‍ത്തു വെക്കാനുള്ള നനുത്ത ദിനങ്ങള്‍ തീര്‍ക്കുന്ന ദിനങ്ങളാണ്‌ ഓണക്കാലം. ഓണം എന്നത്‌ മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്‌. അതുകൊണ്ട്‌ തന്നെ മറുനാട്ടില്‍ ഓണം ആഘോഷിക്കേണ്ടി വരുമ്പോഴും മലയാളിത്തത്തോടെ ആഘോഷിക്കാന്‍ ഓരോ മലയാളിയും ബദ്ധശ്രദ്ധ കാണിക്കുന്നു.